അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. വണ്ടൂർ വാണിയമ്പലം സ്വദേശിയായ യാസീൻ അഹമ്മദിനെതിരെയാണ് കേസെടുത്തത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീൻ.

വി എസ് അച്യുതാനന്ദനെ വർഗ്ഗീയ വാദിയായി ചിത്രീകരിച്ചാണ് യാസീൻ അഹമ്മദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. എസ് ഐ ഒ വണ്ടൂർ ഏരിയ സെക്രട്ടേറിയേറ്റ് അംഗമാണ് യാസീൻ അഹമ്മദ്. ഡി വൈ എഫ് ഐ വണ്ടൂർ മേഖല കമ്മിറ്റി നൽകിയ പരാതിയിലാണ് വണ്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.സഹോദര്യത്തോട് കൂടി ജീവിക്കുന്ന ജനങ്ങൾക്കിടയിൽ മതവിദ്വേഷം വളർത്തുന്നതിനും, വി എസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും, മരണാനന്തര ചടങ്ങുകൾ പോലും പൂർത്തീകരിക്കാത്ത സമയത്ത് അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള ശ്രമമാണ് നടന്നതെന്നാണ് ഡി വൈ എഫ് ഐ പരാതിയിൽ പറയുന്നു.