ദുബായ്: ഇതിഹാസ താരം ലയണല്‍ മെസി നയിക്കുന്ന അർജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇത് സംബന്ധിച്ച്‌ മന്ത്രിമാരുമായി ചർച്ചകള്‍ നടന്നുവരികയാണെന്ന് ടീമിന്റെ മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു.

കൃത്യമായ തീയതി അന്തിമമാക്കിയിട്ടില്ലെങ്കിലും ഈ വർഷ‌ം ഒക്ടോബറില്‍ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ലിയാൻഡ്രോ വ്യക്തമാക്കുന്നത്. ‘ഇന്ത്യയില്‍ ടീമിന് ഇത്രയധികം ആരാധകരുള്ളതില്‍ അഭിമാനമുണ്ട്. ലോകകപ്പിന് മുമ്ബ് തന്നെ മത്സരം നടത്തുമെന്ന് കരുതുന്നു.’ അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ജവഹർലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടത്തുവാൻ സ‌ർക്കാർ പരിഗണിക്കുന്നത്. എതിർ ടീമിനെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരു ഏഷ്യൻ ടീമായിരിക്കും എതിരാളികളെന്നാണ് വിവരം.

2024 നവംബറിലാണ് രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയഷന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന “ഒലോപോ മാജിക്” എന്ന പരിപാടിയുടെ ഭാഗമായിരിക്കും മത്സരങ്ങള്‍.