തിരുവനന്തപുരം : പൂവച്ചൽ നാടുകാണി ശാസ്താക്ഷേത്രം ഭാരവാഹികൾക്ക് നേരെ ആക്രമണം. രക്ഷാധികാരിക്ക് പരിക്ക്. മർദ്ദനത്തിൽ പരിക്കേറ്റ ക്ഷേത്രം രക്ഷാധികാരി കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി ആർ. സന്തോഷ് കുമാർ ആശുപത്രയിൽ ചികിത്സയിലാണ്.
അടുത്തിടെ നടന്ന മോഷണത്തിന് പിന്നാലെ ക്ഷേത്രത്തിൽ കാവലിന് ഭാരവാഹികൾ നിൽക്കാറുണ്ടായിരുന്നു ഇവർക്ക് നേരെയാണ് മദ്യപസംഘത്തിന്‍റെ ആക്രമണമുണ്ടായത്. ക്ഷേത്രം വികസനസമിതി അംഗം സുഹൃത്ത് ഷിജോയ്ക്കൊപ്പം ക്ഷേത്രത്തിൽ കാവൽ കിടക്കുമ്പോൾ പുലർച്ചെ ഒരു മണിയോടെ ക്ഷേത്രമിരിക്കുന്ന പാറയിൽ കുറച്ചുപേർ നിൽക്കുന്നതുകണ്ട് ചോദ്യം ചെയ്തപ്പോഴാണ് സംഘം സന്തോഷ് കുമാറിനെ ക്രൂരമായി മർദിച്ചതെന്ന് കാട്ടാക്കട പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ബഹളം കേട്ട് ഷിജോയ് ഓടിയെത്തിയപ്പോൾ അക്രമി സംഘം ഇയാളെ തടഞ്ഞുവെച്ച ശേഷവും മർദിച്ചു.
ബഹളം കേട്ട് സമീപവാസികൾ എത്തുമ്പോഴേക്കും സംഘം സ്ഥലത്ത് നിന്നും രക്ഷപെട്ടു. ഏതാനും നാളുകൾക്ക് മുൻപ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയിരുന്നു. ഇതേത്തുടർന്നാണ് ക്ഷത്രത്തിൽ കാവൽ ഏർപ്പെടുത്തിയിരുന്നത്. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസ് എടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ മദ്യപസംഘമെന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പരാതി നൽകി. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
