പുന്നപ്രയുടെ സമരനായകന്‍ വി.എസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മനുഷ്യര്‍ക്കും പരിസ്ഥിതിക്കും വേണ്ടി ഒന്നുപോലെ നിലകൊണ്ട വി.എസ്സിന്റെ രാഷ്ട്രീയ നിലപാടുകളിലെ മികച്ച അധ്യായങ്ങളാണ് അദ്ദേഹത്തിന്റെ പരിസ്ഥിതിവാദങ്ങള്‍. അദ്ദേഹം പല കാലങ്ങളായി എഴുതിയ പാരിസ്ഥിതിക ലേഖനങ്ങളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി.എസ് പരിസ്ഥിതിയും വികസനവും. വി.എസ്സിന്റെ പാരിസ്ഥിതിക രാഷ്ട്രീയത്തിന് ഒരു മുഖവുരയായി നിന്ന ലേഖനങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലേഖനം.
കടുത്ത ദാരിദ്ര്യവും ഉച്ചനീചത്വവും നിലനില്ക്കുന്ന പ്രദേശമായിരുന്നു അന്ന് പുന്നപ്രയും. അച്ഛന് വീട്ടിനടുത്തുതന്നെ ഒരു പലചരക്കുകട യുണ്ടായിരുന്നതിനാല്‍ ചെറുപ്പത്തില്‍ ഞങ്ങള്‍ക്ക് വലിയ പ്രയാസങ്ങളുണ്ടായില്ല. അച്ഛന്‍ സാമൂഹികപ്രവര്‍ത്തകനായിരുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രാദേശികനേതാവ്. യോഗത്തിന്റെ നാലോ അഞ്ചോ ശാഖകളുടെ ചുമതലക്കാരനായിരുന്നു അച്ഛന്‍. അതുകൊണ്ട് നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവന്‍. അറവുകാട് ക്ഷേത്ര കമ്മിറ്റിയുടെ പ്രസിഡന്റും അച്ഛനായിരുന്നു. അന്നത്തെ ജന്മിമാരായ പോറ്റിമാരുടെ മുന്നൂറ്റാംപാടത്തില്‍ കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് പറമ്പാക്കി മാറ്റി (വെന്തലത്തറ) അവിടെയാണ് അച്ഛന്‍ വീടുണ്ടാക്കിയത്. അമ്പതോളം തെങ്ങും വെച്ചു. കൃഷിയും കച്ചവടവുമെല്ലാമായി നിത്യജീവിതത്തിന് മുട്ടില്ല.
അന്ന് പുന്നപ്ര പറവൂര്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. നാലാം ക്ലാസില്‍ ചേര്‍ന്നത് കളര്‍കോട് സ്‌കൂളിലാണ്. അവിടെ സവര്‍ണമേധാവിത്വമുള്ള സ്ഥലമാണ്. അമ്പലത്തിനു മുന്നിലൂടെ നടന്നാണ് സ്‌കൂളില്‍ പോകേണ്ടത്. സവര്‍ണ കുട്ടികള്‍ അന്ന് അവര്‍ണ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ പരിഹസിക്കുകയും അടിച്ചോടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. എനിക്കും ആ അനുഭവമുണ്ടായി. ഇതുവഴി വഴിനടക്കാനും ഈ സ്‌കൂളില്‍ വരാനും നീയാരെടാ എന്നാക്രോശിച്ചുകൊണ്ട് ഒരുകൂട്ടം സവര്‍ണ പിള്ളേര്‍ എന്നെ ആക്രമിച്ചു. കഴിവിന്റെ പരമാവധി ഞാന്‍ ചെറുത്തുനില്ക്കുകയും തിരിച്ചടിക്കുകയും കുതറിയോടുകയും ചെയ്തു. അന്ന് സ്‌കൂളില്‍ കയറാതെ വീട്ടിലേക്ക് തിരിച്ചുപോന്നു. പലര്‍ക്കും ഈ അനുഭവമുണ്ടായിരുന്നു. ചിലര്‍ വിദ്യാഭ്യാസമേ നിര്‍ത്താന്‍ ഇത്തരം അക്രമങ്ങള്‍ കാരണമായി. ഞാന്‍ വീട്ടില്‍ച്ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. ജാതിമേധാവിത്വത്തിനെതിരേ നാട്ടുകാരെ സംഘടിപ്പിച്ച് ചെറുത്തുനില്ക്കുന്ന ആളാണല്ലോ അച്ഛന്‍. അച്ഛന്‍ വലിയൊരു അരഞ്ഞാണുണ്ടാക്കിത്തന്നു. അരയില്‍ കെട്ടാനല്ല, ആവശ്യത്തിന് ഉപയോഗിക്കാന്‍. അതിനൊരു പിടിയുമുണ്ട്. ഇങ്ങോട്ടാക്രമിക്കാന്‍വന്നാല്‍ നന്നായി പെരുമാറിക്കൊള്ളൂ എന്നും പറഞ്ഞാണ് പിറ്റേന്ന് സ്‌കൂളിലേക്കു വിട്ടത്. പ്രതീക്ഷിച്ചതുപോലെ അന്നും ആക്രമണമുണ്ടായി. അരഞ്ഞാണം വീശി നന്നായി പെരുമാറിയപ്പോള്‍ അവര്‍ ഓടിപ്പോയി. പ്രധാനാധ്യാപകനായ പരമേശ്വരന്‍ പിള്ള സാറിനോട് അവര്‍ പരാതി പറഞ്ഞു. ഞാനും സാറിനടുത്തേക്ക് ചെന്നു. എല്ലാം കേട്ടപ്പോള്‍ സാര്‍ അവരെയാണ് ശാസിച്ചത്. എനിക്ക് നാലര വയസ്സുള്ളപ്പോഴാണ് അമ്മ വസൂരി ബാധിച്ചു മരിച്ചത്. പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ സ്‌കൂള്‍വിദ്യാ ഭ്യാസം നിര്‍ത്താന്‍ നിര്‍ബദ്ധനായി. അച്ഛന്റെ പലചരക്കുകടയോടനുബന്ധിച്ച് ചേട്ടന്‍ നടത്തിയിരുന്ന ജൗളിക്കടയില്‍ സഹായിയായി നില്ക്കേണ്ടിവന്നു. ചേട്ടന്റെ കടയില്‍ നില്ക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടിലെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് അടുത്തറിയാനിടയായത്. ആസ്പിന്‍വാള്‍ കമ്പനിയിലെയും മറ്റു കയര്‍ ഫാക്ടറികളിലെയുമൊക്കെ തൊഴിലാളികള്‍ കടയില്‍ വരുമായിരുന്നു. അവര്‍ യൂണിയന്‍കാര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നോടൊപ്പം അഞ്ചിലും ആറിലും പഠിച്ച കൂട്ടുകാരും ആ തൊഴിലാളികളുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയിരിക്കേ ഞാനും ഫാക്ടറിയില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലമാണ്. പട്ടാളക്കാര്‍ക്കാവശ്യമായ ടെന്റ് നിര്‍മിക്കാനും മറ്റും ആസ്പിന്‍വാള്‍ കമ്പനിക്ക് ഓര്‍ഡറുകള്‍ ഏറെയേറെ കിട്ടിക്കൊണ്ടിരുന്നു. ഞാനും അവിടെ ജോലിക്ക് ചേര്‍ന്നു. അന്നവിടെ ടി.വി. തോമസ് പ്രസിഡന്റും ആര്‍. സുഗതന്‍ ജനറല്‍ സെക്രട്ടറിയും കെ.കെ. കുഞ്ഞന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായി കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടായിരുന്നു. ഞാനും അതിന്റെ അംഗവും തുടര്‍ന്ന് നിര്‍വാഹകസമിതി അംഗവുമായി. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായതോടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
കുട്ടനാട് രാമകൃഷ്ണപിള്ളയും കെ.എസ്.ജോസഫുമാണ് അന്ന് അവിടെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കള്‍. അവര്‍ 1939-ല്‍ എന്നെ അതില്‍ അംഗമാക്കി. കമ്പനിയിലെ യൂണിയന്‍ പ്രവര്‍ത്തകര്‍ എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രേഖകള്‍ രഹസ്യമായി തരാന്‍ തുടങ്ങി. കല്ലച്ചിലടിച്ച രേഖകള്‍. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറി സൈമണ്‍ ആശാനാണ്. മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ആശാന്‍ ഞങ്ങളുടെ നാട്ടില്‍ വരുമായിരുന്നു. കയര്‍ത്തൊഴിലാളി യൂണിയന്‍പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആശാന്‍ സഹായിയായി എന്നെയും കൂട്ടും. അങ്ങനെ 1940-ല്‍ സൈമണ്‍ ആശാന്‍ എനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്കി. മെമ്പര്‍ഷിപ്പിന് 18 വയസ്സ് പൂര്‍ത്തിയാകണമെന്നതൊന്നും ആശാന്‍ നോക്കിയില്ല. കയര്‍ത്തൊഴിലാളി യൂണിയനിലെ എന്റെ പ്രവര്‍ത്തനവും പ്രസംഗവുമെല്ലാം പരിഗണിച്ചാവണം ആശാന്‍ എനിക്ക് പാര്‍ട്ടി കാര്‍ഡ് തന്നത്.
കയര്‍ത്തൊഴിലാളികളുടെ ഒരു ഉശിരന്‍ പണിമുടക്ക് വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലാകെ ട്രേഡ് യൂണിയനുകള്‍ വളരെ സജീവമായ കാലമാണത്. പണിമുടക്കിനാധാരമായി ഉന്നയിച്ച ആവശ്യങ്ങളില്‍ ഏതാനും ചിലത് അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഒരണ കൂലി കൂടുതലാണ് അംഗീകരിക്കപ്പെട്ട ആവശ്യങ്ങളില്‍ പ്രധാനം. എന്നാല്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതിന് യൂണിയന്‍ അംഗങ്ങളിലും നേതൃത്വത്തിലും വലിയൊരു ഭാഗം എതിരായിരുന്നു. എന്നാല്‍ ആവശ്യങ്ങളില്‍ കൂലി വര്‍ധനയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ടവ അംഗീകരിക്കപ്പെട്ടതിനാല്‍ സമരം വിജയമാണെന്നും പണിമുടക്കം പിന്‍വലിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ശേഷിച്ച ആവശ്യങ്ങള്‍ പിന്നീട് വീണ്ടും ഉയര്‍ത്തുകയുമാണ് ചെയ്യേണ്ടതെന്ന് കൃഷ്ണപിള്ള പഠിപ്പിച്ചു. കൃഷ്ണപിള്ളയുടെ ആ വിശദീകരണം ഭിന്നത പരിഹരിക്കുകയും യൂണിയന്‍ പ്രവര്‍ത്തനത്തിന് ശരിയായ ദിശാബോധം പകരുകയും ചെയ്തു.
ഇതിനെല്ലാം ശേഷം രണ്ടു മാസം നീണ്ടുനിന്ന ഒരു പഠനക്ലാസ് ആലപ്പുഴയില്‍ സംഘടിപ്പിച്ചു. അന്ന് തൊഴിലാളി യൂണിയന്‍ പ്രസിഡന്റായിരുന്ന പി.എന്‍. കൃഷ്ണപിള്ള വക്കീലാണ് അതില്‍ ട്രേഡ് യൂണിയന്‍ ക്ലാസ് കൈകാര്യം ചെയ്തത്. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന കൃഷ്ണപിള്ള വക്കീല്‍ സ്റ്റേറ്റ് ലേബര്‍ കമ്മീഷണറായാണ് വിരമിച്ചത്. സഖാവ് കൃഷ്ണപിള്ളയും ഒരു ദിവസം ക്ലാസെടുത്തു. ആര്‍. സുഗതനും സഖാവ് ഗോവിന്ദനുമെല്ലാം ക്ലാസുകള്‍ കൈകാര്യം ചെയ്തു. എന്റെരാഷ്ട്രീയജീവിതത്തില്‍ ആ ക്ലാസുകള്‍ വലിയ സ്വാധീനം ചെലുത്തി. രണ്ടു മാസത്തെ ആ പഠനം വലിയൊരു വഴിത്തിരിവായിരുന്നു.
1943-ല്‍ കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനത്തില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍നിന്നും പത്ത് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് ഞങ്ങള്‍ പത്തുപേര്‍ പങ്കെടുത്തു. സഖാക്കള്‍ സുന്ദരയ്യ, എസ്.വി. ഘാട്ടെ തുടങ്ങിയവരുമായി അവിടെവെച്ചാണ് ആദ്യം പരിചയപ്പെടുന്നത്. ഇ.എം.എസ്, എ.കെ.ജി. എന്നിവരെ അതിനു മുന്‍പുതന്നെ പരിചയമുണ്ടായിരുന്നു. 1938-ലാണെന്നു തോന്നുന്നു, ആലപ്പുഴ കടപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ ഇ.എം.എസ്സിന്റെ പ്രസംഗം ആദ്യംകേട്ടത്. എ.കെ.ജി. മുഹമ്മയില്‍ ഒളിവില്‍ കഴിയുമ്പോള്‍ രഹസ്യ കത്തുകളും പത്രങ്ങളുമൊക്കെ എത്തിച്ചുകൊടുക്കുന്ന ചുമതല എനിക്കുണ്ടായിരുന്നു. അങ്ങനെ എ.കെ.ജിയുമായി നല്ല പരിചയമായിരുന്നു.
1940-ല്‍ പാര്‍ട്ടി അംഗമായതിനെ തുടര്‍ന്ന് ട്രേഡ് യൂണിയന്‍ രംഗത്താണ് എനിക്ക് ചുമതല നല്കിയിരുന്നത്. ചെത്തുതൊഴിലാളി യൂണിയന്‍, തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍, ഹോട്ടല്‍ തൊഴിലാളി യൂണിയന്‍, ഓയില്‍ മില്‍ വര്‍ക്കേഴ്സ് യൂണിയന്‍, ബോട്ട് ക്രൂ അസോസിയേഷന്‍ എന്നിവ സംഘടിപ്പിക്കുകയും ഭാരവാഹിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റായിരിക്കേ നടന്ന ഒരു സമരത്തെ തുടര്‍ന്ന് എന്നെ അറസ്റ്റ് ചെയ്തു. മൂന്നു മാസം ജയിലിലടച്ചു. നാല്പതുകളുടെ ആദ്യം നടന്ന ആ അറസ്റ്റും റിമാണ്ടുമാണ് എന്റെ ആദ്യത്തെ അറസ്റ്റും ജയില്‍വാസവും.
1943-ല്‍ കോഴിക്കോട് സമ്മേളനം കഴിഞ്ഞശേഷം ഒരു ദിവസം സഖാവ് കൃഷ്ണപിള്ള ആലപ്പുഴയില്‍ വന്നു. പാര്‍ട്ടി ഓഫീസില്‍ ഞങ്ങള്‍ കുറെ സഖാക്കളെ വിളിപ്പിച്ചു. പ്രവര്‍ത്തനം വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ചാണ് ചര്‍ച്ച. ‘കമ്പനി ജോലിയും യൂണിയന്‍ പ്രവര്‍ത്തനവുമായി ഇങ്ങനെ കഴിഞ്ഞാല്‍ മതിയോ? പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനാകണ്ടേ? കായല്‍നിലങ്ങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷക ത്തൊഴിലാളികളെ നമുക്ക് സംഘടിപ്പിക്കണ്ടേ? സഖാവിന് അതിന് കഴിയും. അതുകൊണ്ട് ജോലി ഉപേക്ഷിച്ച് കുട്ടനാട്ടില്‍ പോയി താമസിച്ച് പ്രവര്‍ത്തിക്കണം. എന്തുപറയുന്നു?’- കൃഷ്ണപിള്ള എന്നോട് ചോദിച്ചു. ഞാന്‍ എന്റെ പ്രയാസങ്ങള്‍ വിവരിച്ചു. ഞാന്‍കൂടി സഹായിച്ചാണ് കുടുംബത്തെ പോറ്റുന്നത്, എന്നൊക്കെയാണ് ഞാന്‍ പറഞ്ഞത്. കുറെ ദിവസത്തിനുശേഷം സഖാവ് പറഞ്ഞതുപോലെ ചെയ്യാമെന്ന് ഞാന്‍ കൃഷ്ണപിള്ളയെ അറിയിച്ചു. അങ്ങനെ എന്നെയും എം.ടി. ചന്ദ്രസേനന്‍, ആര്‍. തങ്കപ്പന്‍, രാമകൃഷ്ണന്‍ എന്നീ സഖാക്കളെയും കുട്ടനാ ട്ടിലേക്ക് അയച്ചു. അവിടെ പാര്‍ട്ടി ഘടകമുണ്ടാക്കി. ഞാനായിരുന്നു സെക്രട്ടറി. ഏതെങ്കിലും വീട്ടില്‍ അന്തിയുറങ്ങും, കിട്ടുന്ന ഭക്ഷണം കഴിച്ച്, അമ്പലക്കുളത്തില്‍ കുളിച്ച് കിട്ടുന്നിടത്ത് കിടന്നുറക്കം. രാവിലെ ഇറങ്ങും. കായല്‍നിലങ്ങളില്‍ ചെന്ന് കര്‍ഷകത്തൊഴിലാളികളെ കണ്ട് സംസാരിക്കുക, വീടുകളില്‍ ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവരെ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കുകയും ചെയ്യുക… അങ്ങനെ അവിടെ നിരവധി പേരെ പ്രസ്ഥാനത്തില്‍ കൊണ്ടുവന്നു. അവരില്‍ നിന്ന് കാഡര്‍മാര്‍ ഉയര്‍ന്നുവന്നു. കുട്ടനാട് പാര്‍ട്ടി ഘടകത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും ഞാന്‍ ഒഴിഞ്ഞ്, അവിടത്തുകാരനായ സഖാവ് തോമസിനെ സെക്രട്ടറിയാക്കി. അവിടെ ശക്തമായ ഒരു കര്‍ഷകത്തൊഴിലാളി യൂണിയന്‍ രൂപംകൊണ്ടു. അതിന്റെ സന്ദേശം നാടെങ്ങും എത്തുകയും ഓരോ സ്ഥലത്തും യൂണിയനുകള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. മൂന്നു വര്‍ഷത്തോളം കുട്ടനാടന്‍ മേഖലയില്‍ത്തന്നെ ഞാന്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായിക്കഴിഞ്ഞു. അയിത്തവും തൊട്ടാല്‍ കുളിയുമെല്ലാം നിലനിന്ന, ജാതീയമായ പീഡനം നടമാടിയ ആ സ്ഥലത്ത് വര്‍ഗസംഘടന രൂപംകൊണ്ടതോടെ വലിയ മാറ്റം വന്നു. ജാതി-മതാതീതമായ വര്‍ഗബോധം വളര്‍ത്തിയെടുക്കാനും ജാതിവിവേചനവും അതിന്റെ ഭാഗമായ മര്‍ദനങ്ങളും ഇല്ലായ്മ ചെയ്യാനും ശക്തമായ ഒരു വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാനും കഴിഞ്ഞു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളിപ്രസ്ഥാനം തിരുവിതാംകൂറിലാകെ വ്യാപിക്കുകയും ചെയ്തു. 1945 അവസാനം രാമങ്കരിക്കടുത്ത് മുട്ടാറില്‍ തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ സമ്മേളനം ചേരുകയും ചെയ്തു.
അക്കാലത്ത് മംഗലംകായല്‍നിലത്തു നടന്ന കര്‍ഷകത്തൊഴിലാളി പ്രക്ഷോഭം ആവേശകരമായിരുന്നു. കാര്‍ഷികമേഖലയിലാകെ അത് വലിയ ചലനം സൃഷ്ടിച്ചു. അന്ന് കാര്‍ഷികമേഖലയില്‍ രണ്ടുതരം തൊഴിലാളികളുണ്ടായിരുന്നു. ഓരോ ജന്മിക്കും പണിയാള്‍ത്തൊഴിലാളികള്‍ എന്ന കുറെ സ്ഥിരം തൊഴിലാളികളും നടീലിനും കൊയ്ത്തിനും പുറമേനിന്ന് വരുന്ന തൊഴിലാളികളും. പണിയാള്‍ത്തൊഴിലാളികളുടെ അവസ്ഥ അടിമസമാനമായിരുന്നു. പുറമേനിന്നും അന്നത്തെ കൂലിക്ക് പണിയെടുക്കാന്‍ വരുന്ന തൊഴിലാളികള്‍ക്ക് നല്കുന്ന കൂലിയുടെ പകുതിയേ പണിയാള്‍ത്തൊഴിലാളിക്ക് കൊടുക്കൂ. കൊയ്ത്തുദിവസം പണിയാള്‍ത്തൊഴിലാളിക്ക് അന്നത്തെ ഭക്ഷണത്തിന് ഒരു തീര്‍പ്പ് കറ്റ നല്കും. കൊയ്ത്തുപണിയെല്ലാം പൂര്‍ത്തിയാക്കി കളംപിരിഞ്ഞുപോകുമ്പോഴാണ് കണക്കു കഴിച്ച് കൂലി കൊടുക്കുക. അത് 10-15 പറയേ കാണൂ. മുന്‍കൂര്‍ നെല്ലും പണവും വാങ്ങിയത് കഴിച്ച് അത്രയേ ഉള്ളൂ എന്ന്കള്ളക്കണക്കു പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തുപോന്നത്. കളംപിരിഞ്ഞുപോകുമ്പോള്‍ പണിയാള്‍ത്തൊഴിലാളി കുടുംബത്തിന് 100 പറ നെല്ല് കൊടുക്കണമെന്നാവശ്യപ്പെട്ടാണ് മംഗലംകായല്‍നിലത്ത് കര്‍ഷകത്തൊഴിലാളി യൂണിയന്‍ സമരം പ്രഖ്യാപിച്ചത്. കൊയ്തിട്ട കറ്റകള്‍മെതിക്കാതെ 12 ദിവസം നീണ്ടുനിന്ന പണിമുടക്കം. ഭീഷണികളെയും മര്‍ദനത്തെയുമെല്ലാം അതിജീവിച്ച് സമരം മുന്നേറി. ഒടുവില്‍ ജന്മിമാര്‍ മുട്ടുമടക്കുകയും നൂറുപറ നെല്ല് കൂലി നല്കാന്‍ സമ്മതിക്കുകയുംചെയ്തു. അന്ന് ഞാന്‍ കാവാലത്തിനടുത്ത് ചെറുകര ക്ഷേത്രത്തിനു സമീപം സി.കെ. വേലായുധന്റെ സഹോദരിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടാണ് ആ സമരം നയിച്ചത്. മംഗലംകായല്‍സമരം കുട്ടനാടന്‍ മേഖലയിലും പുറത്തും വമ്പിച്ച ചലനമാണുണ്ടാക്കിയത്. യൂണിയനുണ്ടാക്കാന്‍ കര്‍ഷകത്തൊഴിലാളികള്‍ ഇങ്ങോട്ടുവന്ന് അഭ്യര്‍ഥിക്കാന്‍ തുടങ്ങി. കര്‍ഷകത്തൊഴിലാളിപ്രസ്ഥാനം വ്യാപിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഈ സമരം കുറച്ചൊന്നുമല്ല സഹായിച്ചത്. സഖാവ് കൃഷ്ണപിള്ള ഏല്പിച്ച ചുമതല പൂര്‍ത്തിയാക്കിയാണ് 1945 അവസാനത്തോടെ ഞാന്‍ ആലപ്പുഴയിലേക്കു മടങ്ങിയത്. തുടര്‍ന്ന് പുന്നപ്ര- വയലാര്‍ ചെറുത്തുനില്പിന്റെയും മുന്നേറ്റത്തിന്റെയും സംഘടനാ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേക്ക്…
(2012 മാര്‍ച്ചില്‍ നടന്ന സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ സുവനീറില്‍ എഴുതിയ ലേഖനം)
