കൊല്ലം: കൊല്ലത്ത് സ്കുൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകനടക്കം അടക്കം നടപടി ഉണ്ടാകും. പ്രധാനാധ്യാപികയെ സസ്പെൻജഡ് ചെയ്യും. ഇതിനു പുറമെ സ്കൂൾ അധികൃതരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്കൂളിൽ വീണ്ടും പരിശോധന നടത്തും.
മിഥുന്റെ മരണത്തിൽ സ്കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. എട്ട് വർഷത്തിലധികമായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്കൂളിൽ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും.
കഴിഞ്ഞ ദിവസം രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. അതേസമയം വിദേശത്തുള്ള അമ്മ സുജ തിരിച്ചെത്തിയതിനു ശേഷമാകും സംസ്കാരം നടക്കുക.. കുവൈത്തില്‍ ജോലി ചെയ്യുന്ന സുജ തൊഴിലുടമകള്‍ക്കൊപ്പം നിലവില്‍ തുര്‍ക്കിയിലാണ് ഉള്ളത്. നാളെ രാവിലെയോടെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
