വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം സ്കൂൾ മാനേജ്മെൻ്റാണ് പ്രധാനധ്യാപകയ്ക്ക് സസ്പെൻഷൻ നൽകിയത്.

കൊല്ലം : സ്കൂളിൽ വെച്ച് എട്ടാം ക്ലാസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനധ്യാപികയ്ക്ക് സസ്പെൻഷൻ. വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശപ്രകാരം സ്കൂൾ മാനേജ്മെൻ്റാണ് എച്ച്എമ്മിന് സസ്പെൻഷൻ നൽകിയത്. കൂട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സ്കൂൾ അധികൃതർക്ക് പുറമെ എട്ടാം ക്ലാസുകാരൻ മിഥുൻ്റെ മരണത്തിൽ കെസ്ഇബിക്കും പഞ്ചായത്തിനും ഗുരുതര വീഴ്ച സംഭവിച്ചയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

എട്ട് വർഷത്തിലേറെയായി വൈദ്യുതി ലൈൻ ഇത്തരത്തിൽ കടന്നിട്ടും യാതൊരുവിധത്തിലുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. മതിയായ പരിശോധനയില്ലാതെയാണ് സ്കൂളിന് ഫിറ്റ്നെസ് സർട്ടിഫിക്കേറ്റ് നൽകിയത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതേസമയം മരണപ്പെട്ട മിഥുൻ്റെ കുടുംബത്തിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിച്ച് അഞ്ച് ലക്ഷം രൂപ നൽകി. മിഥുൻ്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ മിഥുൻ്റെ ഇളയ സഹോദരന് 12-ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് എട്ടാം ക്ലാസ് വി​ദ്യാർത്ഥി മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. അതേസമയം വിദേശത്തുള്ള അമ്മ സുജ തിരിച്ചെത്തിയതിനു ശേഷമാകും സംസ്കാരം നടക്കുക.. കുവൈത്തില്‍ ജോലി ചെയ്യുന്ന സുജ തൊഴിലുടമകള്‍ക്കൊപ്പം നിലവില്‍ തുര്‍ക്കിയിലാണ് ഉള്ളത്. നാളെ രാവിലെയോടെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.