കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസിൽ വിവാദം കത്തുന്നു. മന്ത്രിക്കെതിരെ കോൺ​ഗ്രസ് വക്താവ് സന്ദീപ് വാര്യർ രം​ഗത്തെത്തി. സർക്കാർ അനാസ്ഥ മൂലം ഒരു പിഞ്ചു കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെട്ടിട്ടും മന്ത്രി ആഘോഷത്തിലാണ്. എന്തൊരു നെറികെട്ട കൂട്ടരാണ് കേരളം ഭരിക്കുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. നാളെയാകും സംസ്‌ക്കാര ചടങ്ങുകൾ നടക്കുക. അപകടകരമായ നിലയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈന്‍ രാത്രി വൈകി വിഛേദിച്ചു.