കൊച്ചി: വിവാദങ്ങൾക്കും വിലക്കുകൾക്കും ഒടുവിൽ ‘ജെഎസ്‌കെ-ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് മുതൽ തീയറ്ററിൽ. ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി നൽകിയതായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ഇതോടെയാണ് ചിത്രം ഇന്ന് തീയറ്ററുകളിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചത്. ഇതോടെ ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി തീർപ്പാക്കി.
ചിത്രത്തിന്റെ ടീസറും ട്രെയിലറും പഴയ പേരിൽ തന്നെയാണ്. ടീസറിലും മുൻപേ ഇറക്കിയ പോസ്റ്ററിലും ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതിന്റെ പേരിൽ ഹർജിക്കാർക്കെതിരേ നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണിത്. സെൻസർ ബോർഡ് എതിർപ്പുന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് ചിത്രത്തിനു പ്രദർശനാനുമതി ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ ഒരുമിച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സുരേഷ് ഗോപിയുടെ 253-ാമത്തെ ചിത്രമായ ജെഎസ്‌കെ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇത് ഇതിനകം ട്രെൻഡിംഗ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് അനുമതി നൽകിയില്ല. ഇതോടെയാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പിന്നാലെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റിയത്. കോടതി നടപടികളുടെ എട്ട് ഭാഗങ്ങളിൽ ജാനകി എന്ന പേര് സിനിമയിൽ നിന്ന് നിശബ്ദമാക്കിയിട്ടുണ്ട്.
ചിത്രത്തിൽ ഡേവിഡ് ആബേൽ ഡോണോവൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്നു. ഇവർക്കുപുറമെ അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേത്ത്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.
