കൊല്ലം: തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നത് കണ്ടില്ലേ എന്ന് മന്ത്രി ചോദിച്ചു. അനാസ്ഥയുണ്ടെങ്കില്‍ വിട്ടുവീഴ്ചയില്ലാത്തെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും വൈദ്യുതി ലൈന്‍ എന്നും കാണുന്നതല്ലേ? എച്ച്എമ്മിനും പ്രിന്‍സിപ്പലിനും എന്താണ് ജോലി? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതല്ലേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോയി നോക്കാന്‍ സാധിക്കില്ലല്ലോ എന്ന് വി ശിവന്‍കുട്ടി ചോദിച്ചു.
സ്‌കൂളിന്റെ അധിപനായിട്ട് ഇരിക്കുമ്പോള്‍ സര്‍ക്കാരിന്‍ നിന്നുള്ള നിര്‍ദേശം വായിച്ചെങ്കിലും നോക്കേണ്ടതില്ലേ? ഒരു മകനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അനാസ്ഥയുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പല തവണ യോഗം ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് എല്ലാവരോടും സംസാരിച്ചതാണ്. വൈദ്യുതി ലൈന്‍ സ്‌കൂളിന്റെ വളപ്പില്‍ കൂടി കടന്നുപോകാന്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും പറഞ്ഞിരുന്നു. കെഎസ്ഇബിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോടെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ പതിനാലായിരത്തോളം സ്‌കൂളുകളാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. വൈദ്യുതി ലൈന്‍ ഷെഡിനോട് ചേര്‍ന്നുണ്ടെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല. അതിനാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. കെഎസ്ഇബി ഉദ്യോഗസ്ഥരെ കൊണ്ട് ലൈന്‍ മാറ്റിക്കേണ്ട ഉത്തരവാദിത്തം പ്രധാനാധ്യപകനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു.
