തിരുവനന്തപുരം: ഇന്നത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 5-15 മില്ലിമീറ്റർ വരെ ഇടത്തരം മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, മറ്റ് എല്ലാ ജില്ലകളിലും അടുത്ത 3 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ ചില നദികളിൽ ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.