കൊച്ചി: ജെഎസ്കെ സിനിമാ വിവാദത്തിൽ നിർമ്മാതാക്കൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചതായി നിർമാതാക്കൾ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഹർജി തീർപ്പാക്കിയത്. റീഎഡിറ്റ് ചെയ്ത പതിപ്പ് ജൂലൈ 17ന് റിലീസ് ചെയ്യും. എന്നാൽ, ടീസറിലും പരസ്യങ്ങളിലും ഉപയോഗിച്ചിട്ടുള്ള സിനിമയുടെ പഴയ പേര് പുതിയ നിയമ പ്രശ്നങ്ങൾക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
ജൂൺ 27നായിരുന്നു ‘ജെഎസ്കെ’ സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, ജൂൺ 21ന് കേന്ദ്ര സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിനിമയിലെ ‘ജാനകി’ എന്ന പേര് മാറ്റണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ പേരിൽ ഒരു ‘വി’ കൂടി ചേർത്ത് ‘ജാനകി വി. vs സ്റ്റോറ്റ് ഓഫ് കേരള’ എന്നാക്കി സിനിമയുടെ പേര് മാറ്റുകയായിരുന്നു. സെൻസർ ബോർഡ് നിർദേശിച്ച ഏഴ് മാറ്റങ്ങളോട് കൂടിയാണ് ഒടുവിൽ ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്.
അതേസമയം, ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിച്ചു. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ‘ജെഎസ്കെ’ നിർമ്മിക്കുന്നത്. ജെ. ഫണീന്ദ്ര കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. സുരേഷ് ഗോപിക്ക് പുറമെ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണ് ‘ജെഎസ്കെ’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
