ഹമദാബാദ് വിമാനാപകടത്തിന് കാരണമായത് എഞ്ചിനുകളിലെ ഇന്ധന സ്വിച്ചുകള്‍ റണ്‍ മോഡില്‍ നിന്നും കട്ട് ഓഫിലേക്ക് മാറിയതാണെന്ന് വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടൊപ്പം കോക്പിറ്റില്‍ നിന്നുള്ള വോയ്‌സ് റെക്കോര്‍ഡറില്‍ നിന്നുള്ള പൈലറ്റുമാരുടെ സംഭാഷണവും ഇന്ധന സ്വിച്ച് ഓഫായതാകാം അപകട കാരണം എന്ന സംശയം ഇരട്ടിയാക്കുന്നു.

ആരെങ്കിലും ഇന്ധന സ്വിച്ച് ഓഫ് ചെയ്തതാണോ എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതിനായി അല്‍പം കൂടി കാത്തിരുന്നേ മതിയാകൂ. വിമാനം നിര്‍ത്തുന്ന സമയത്താണ് സാധാരണയായി സ്വിച്ചുകള്‍ കട്ട് മോഡിലേക്ക് മാറ്റാറുള്ളത്. എന്നാല്‍ ഇവ ഓണാക്കുമ്പോഴും ഓഫാക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

സ്വിച്ചുകള്‍ സംരക്ഷിക്കുന്നതിനായി ബ്രാക്കറ്റുകള്‍ ഉള്ളതിനാല്‍ ഒരിക്കലും കൈ തട്ടിയോ അല്ലാതെയോ ഓണ്‍ ആകാനോ ഓഫാകാനോ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അപകടത്തില്‍ പെട്ട ബോയിങ് 787 വിമാനത്തിന്റെ ത്രസ്റ്റ് ലിവറുകള്‍ക്ക് താഴെയാണ് ഇന്ധന സ്വിച്ചുകളുള്ളത്. വിമാനത്തിന്റെ ഈ സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഓഫ് ചെയ്യുകയും ഓണാക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് വിമാനത്തിന്റെ എഞ്ചിന്‍ ഓണാകുന്നത്. സ്റ്റാര്‍ട്ട് ബട്ടണ്‍ ഓണ്‍ ചെയ്യുമ്പോള്‍ ഇന്ധന സ്വിച്ച് റണ്‍ മോഡിലേക്ക് മാറ്റുന്നു. ഒരാള്‍ക്ക് ബോധപൂര്‍വമേ സ്വിച്ച് ഓണാക്കാനും ഓഫാക്കാനും സാധിക്കൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മൂന്ന് സാധ്യതകളാണ് അപകടം സംഭവിച്ചതിന് പിന്നില്‍ ഉള്ളതെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറയുന്നത്. ഒന്ന് മറ്റേതെങ്കിലും സ്വിച്ച് മാറ്റുന്ന സമയത്ത് അറിയാതെ ഫ്യുവല്‍ സ്വിച്ചും ഓഫ് ചെയ്തതാകാം, രണ്ട് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലെ സാങ്കേതിക തകരാര്‍, മൂന്ന് വിമാനത്തിന്റെ കോക്പിറ്റ് രൂപകല്‍പന ചെയ്തതിലുള്ള പിഴവുകള്‍.