മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കുട്ടികൾ റോസ് ഹൗസിലെത്തിയത്

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ കാണാൻ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ ഇന്ന് രാവിലെ കുറച്ച് അതിഥികളെത്തി. വെറുതെ കണ്ട് മടങ്ങാനല്ല. മന്ത്രിയോട് സംസാരിക്കാനും ഒപ്പം പ്രഭാത ഭക്ഷണം കഴിക്കാനുമാണ് ഇവരെത്തിയത്. മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക ക്ഷണപ്രകാരം റോസ് ഹൗസിലെത്തിയത് ചില്ലറക്കാരല്ല. അഫ്ഗാനിസ്ഥാനിൽ നിന്നുമെത്തി ശ്രീകാര്യം സർക്കാർ സ്കൂളിൽ പഠിക്കുന്ന, നല്ല പച്ച മലയാളം പറയുന്ന കുട്ടികൾ. ഒരു പെൺകുട്ടിയും നാല് സഹോദരന്മാരുമാണ് മാതാപിതാക്കൾക്കൊപ്പം രാവിലെ മന്ത്രിയുടെ വസതിയിൽ എത്തിയത്.

ഇവരുടെ പിതാവ് കാര്യവട്ടം ക്യാംപസിൽ ഗവേഷകവിദ്യാർത്ഥിയാണ്. അങ്ങനെയാണ് കുടുംബം കേരളത്തിലെത്തിയത്. നാലുവർഷമായി കേരളത്തിലുണ്ട്. മന്ത്രി ഒരു പരിപാടിക്കായി ശ്രീകാര്യം ഹയർസെക്കൻഡറി സ്കൂളിൽ എത്തിയപ്പോഴാണ് ഇവരെ കണ്ടതും വസതിയിലേക്ക് ക്ഷണിച്ചതും. അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയാണോ, മന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനൊക്കെ വിളിക്കാറുണ്ടോയെന്ന വി ശിവൻകുട്ടിയുടെ ചോദ്യത്തിന്, ‘അവിടെ മന്ത്രിപോലുമില്ല’ എന്നായിരുന്നു ഒരു കുട്ടിയുടെ മറുപടി.