നാമനിര്‍ദേശം ചെയ്യപ്പെട്ട ഓരോരുത്തരുടെയും സംഭാവനകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ന്യൂഡൽഹി: രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത നാല് പേര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രതികരണം. നാമനിര്‍ദേശം ചെയ്യപ്പെട്ട ഓരോരുത്തരുടെയും സംഭാവനകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെയും പ്രതീകം എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ഭീഷണികളും അക്രമവും നേരിട്ടെങ്കിലും രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അധ്യാപകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. യുവജന ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി.

സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ്, ബിജെപി കേരള ഘടകത്തില്‍ നിന്ന് ഒരു എംപികൂടി രാജ്യസഭയിലേക്ക് എത്തുന്നത്. സേവനത്തിനുള്ള ഏത് ഉപാധിയും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് സി സദാനന്ദന്‍ മാസ്റ്റര്‍ ട്വന്റിഫോറിനോട് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലെ മാറ്റം കാലത്തിനനുസരിച്ചുള്ളതെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, പ്രശസ്ത ചരിത്രകാരിയും അക്കാദമിക് വിദഗ്ധയുമായ മീനാക്ഷി ജെയിന്‍ എന്നിവരേയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.