കോട്ടയം: ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ ഇടിച്ച് കയറി നാലുവയസുകാരന് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ വിശ്രമിക്കുകയായിരുന്ന അമ്മയുടെയും മകന്റെയും ദേഹത്തേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം നേമം ശാസ്താലൈന്‍ ശാന്തിവിള നാഗാമൈല്‍ സ്വദേശിയായ ശബരിനാഥിന്റെ മകന്‍ എസ് അയാന്‍ ശാന്ത് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. ശബരിനാഥും കുടുംബവും അവധി ആഘോഷിക്കാനായി വാഗമണ്ണില്‍ എത്തിയതായിരുന്നു.

യാത്രാമധ്യേ വഴിക്കടവിലുള്ള ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തി. കാര്‍ നിര്‍ത്തി സൈഡില്‍ ഇരിക്കുകയായിരുന്ന അമ്മയുടെയും മകന്റെയും ദേഹത്തേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.

കാര്‍ വന്നിടിച്ചതോടെ അമ്മ ആര്യയും മകനും ഇരുന്നിടത്ത് നിന്ന് പിന്നിലുണ്ടായിരുന്ന കമ്പിയിലേക്ക് ഞെരുങ്ങി. ഉടന്‍ തന്നെ ഇരുവരെയും പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പാലാ പോളിടെക്‌നിക്കിലെ അധ്യാപികയായ ആര്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.