വാളക്കുഴി : നിയന്ത്രണം നഷ്ടപ്പെട്ട കാർ തോട്ടിലേക്കു മറിഞ്ഞു രണ്ടുപേർക്കു പരുക്ക്. വാലാങ്കര– അയിരൂർ റോഡിൽ ശാന്തിപുരത്തിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തീയാടിക്കൽ ഭാഗത്തുനിന്നു വെണ്ണിക്കുളത്തേക്ക് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നവീകരണം പാതിവഴിയിൽ നിലച്ച പാതയിലെ സംരക്ഷണഭിത്തിയില്ലാത്ത കലുങ്കിനു സമീപത്താണ് അപകടം സംഭവിച്ചത്. കാറിന്റെ പിൻഭാഗം മരത്തിൽ ഇടിച്ചുനിന്നതിനാൽ വാഹനം തലകീഴായി തോട്ടിലേക്കു മറിഞ്ഞില്ല. പരുക്കേറ്റ മൂവാറ്റുപുഴ വാളകം സ്വദേശികളായ ഷാലു (32) റോബിൻ (30) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംരക്ഷണഭിത്തിയില്ലാത്ത കലുങ്ക് സ്ഥിരം അപകടഭീഷണിയാണ്.