ചെന്നൈ: തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപ്പിടിച്ച് അപകടം. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ചരക്ക് തീവണ്ടിക്കാണ് തീപ്പിടിച്ചത്. തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. ചരക്ക് ട്രെയിനിലെ ഡീസൽ കയറ്റിവന്ന വാഗണുകളിലാണ് തീ പടരുന്നത്. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജനവാസമേഖലയ്ക്ക് അടുത്താണ് അപകടമുണ്ടായിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ വലിയ തീജ്വാലകളും പ്രദേശമാകെ കറുത്ത പുകയും ഉയരുന്നത് കാണാം. ഇവിടെനിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് റെയിൽവേ അറിയിക്കുന്നത്. ഡീസൽ ബോ​ഗികളായതിനാൽ തീ അണയ്ക്കുന്ന വലിയ വെല്ലുവിളിയായിരുന്നു.

മൂന്ന് വാഗണുകൾ പാലംതെറ്റിയതിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായതാണ് തീ പടരാൻ കാരണമായത്. സംഭവത്തെ തുടർന്ന് ഈ വഴിയുള്ള എട്ട് ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു.