പത്തനംതിട്ട: കോൺ​ഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസം​ഗമം പരിപാടിയിൽ യൂത്ത് കോൺ​ഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പ്രസംശംസിച്ചും ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ജെ കുര്യൻ. ഒരു മണ്ഡലത്തിൽ 25 പേരെയെങ്കിലും കൂടെ കൂട്ടാൻ യൂത്ത് കോൺ​ഗ്രസിന് കഴിയേണ്ടെ എന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള പിജെ കുര്യൻ്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിർത്തുന്നുവെന്ന് സർവ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യൻ യൂത്ത് കോൺ​ഗ്രസ് നേതാക്കളെ വേദിയിൽ ഓർമ്മിക്കുകയും ചെയ്തു. കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് ജില്ലയിൽ ആദ്യമായി പങ്കെടുത്ത വേദിയിലായിരുന്നു പി ജെ കുര്യൻ്റെ വിമർശനം. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെയും ജില്ലാ യൂത്ത് കോൺ​ഗ്രസ് നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു വിമർശനം. പിന്നീട് പ്രസം​ഗിച്ച രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യൻ്റെ വിമർശനത്തിന് വേദിയിൽ തന്നെ മറുപടിയും നൽകിയിരുന്നു.