തിരുവനന്തപുരം : സ്‌കൂൾ സമയമാറ്റ വിഷയത്തിൽ അയഞ്ഞ് സർക്കാരും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും. സമസ്തയുമായി ചർച്ചയ്ക്കു തയാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് കോടതിയുടെ നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു. സ്‌കൂൾ സമയത്തിൽ ഒരു വിഭാഗത്തിനു മാത്രമായി സൗജന്യം നൽകാൻ കഴിയില്ലെന്നും സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സമസ്തയും നിലപാട് കടുപ്പിച്ചിരുന്നു.

സ്‌കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്നും സർക്കാരിനു വാശി പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നിവേദനം നൽകുകയും ചെയ്തു. സമുദായത്തിന്റെ വോട്ട് നേടിയെന്ന് ഓർക്കണമെന്ന മുന്നറിയിപ്പും ജിഫ്രി തങ്ങൾ നൽകി. ഇതിനിടയിലാണ് ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചു മന്ത്രി രംഗത്തെത്തിയത്.