തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാര്യാലയത്തിൽ എത്തിയ അമിത് ഷാ പതാക ഉയർത്തിയതിനു ശേഷം ഓഫീസിന് മുന്നില്‍ വൃക്ഷത്തൈ നട്ടു. തുടർന്ന് നാട മുറിച്ച് വിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്തു.

മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ്. ഉദ്ഘാടനത്തിനു ശേഷം സംസ്ഥാനത്തെ ബിജെപി – ആർഎസ്എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി. അടുത്ത മാസം സംസ്ഥാനത്തേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് നാലുമണിയോടെ ആഭ്യന്തരമന്ത്രി കണ്ണൂരിലേക്ക് മടങ്ങും. ഇവിടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഡെല്‍ഹിക്ക് മടങ്ങും. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.