ന്യൂഡ‍ൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളും പ്രവർത്തനം നിലച്ചു എന്നാണു കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സി‍ഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് (എഎഐബി) റിപ്പോർട്ട് പുറത്തുവിട്ടത്. എൻജിനിലേക്ക് ഇന്ധനം പോകുന്ന സംവിധാനത്തിന്റെ പ്രവർത്തനം താളം തെറ്റിയതാണ് രണ്ട് എൻജിനുകളും നിലയ്ക്കാൻ കാരണം എന്നാണു നിഗമനം. ജൂൺ 12ന് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്നുണ്ടായ അപകടത്തിൽ 260 പേരാണു മരിച്ചത്.

എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയി എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വിമാനത്തിന് പറന്നുയരാൻ ശക്തി ലഭിച്ചില്ല. കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നു. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാൾ മറുപടിയും പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തിൽ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇൻ കമാൻഡിന്റെ നിരീക്ഷണത്തിൽ കോ–പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എൻജിനിലേക്കുമുള്ള സ്വിച്ചുകൾ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു.