പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മുഖത്തുതട്ടിയപ്പോഴുണ്ടായ നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ അനുകരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് തന്റെ തലയില്‍ ‘തഴുകി’യെന്നും മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട് എന്ന് ഞാനും പറയണോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
തിരുവനന്തപുരത്ത് സ്വച്ഛത പഖ്വാദ ക്യാമ്പയിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. പരിപാടി കഴിഞ്ഞ് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പുറത്തിറങ്ങാനിരിക്കുന്ന സിനിമയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തന്റെ ചോദ്യം.
‘ഞാനും പറയണോ?. മോനേ, നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന് പറയണോ ഞാന്‍. അതിനുവേണ്ടിയാണോ? തഴുകിയതേയുള്ളൂ, തട്ടിയൊന്നുമില്ല’, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് തന്നെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണില്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ മൈക്ക് തട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ഒരു ചാനല്‍മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. മകള്‍ വിസ്മയയുടെ സിനിമാപ്രവേശം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയായിരുന്നു സംഭവം.
തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ജിഎസ്ടി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മൈക്ക് കണ്ണില്‍ തട്ടിയപ്പോള്‍, തിരികെ ദേഷ്യപ്പെടാതെ രംഗം സരസമായി നേരിട്ട മോഹന്‍ലാലിനെ സാമൂഹികമാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നു. ‘എന്താണ് മോനേ ഇതൊക്കെ കണ്ണിലേക്ക്’ എന്ന ചോദ്യം മാത്രമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. കാറില്‍ കയറിയശേഷം, ‘അവനെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്’ എന്ന് തമാശപറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ മടക്കം.
