ക്വാലലംപുർ∙ പ്രത്യേക പ്രാർഥനയ്‌ക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി മലേഷ്യയിലെ ക്ഷേത്ര പൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന ഇന്ത്യൻ വംശജയും നടിയും മോഡലുമായ ലിഷാല്ലിനി കണാരൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലിഷാല്ലിനി താൻ നേരിട്ട ക്രൂരത പുറത്തുപറഞ്ഞത്. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ‘ഇന്ത്യയിൽനിന്നുള്ള പുണ്യജലമാണ്’ എന്നു പറഞ്ഞ് തന്റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെയാണ് ഇന്ത്യക്കാരനായ പൂജാരി തന്നെ കയറിപ്പിടിച്ചതെന്നും അവർ പറഞ്ഞു.
‘‘സാധാരണ അമ്മയ്‌ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ജലം എന്റെ ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് എന്റെ വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ എനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നു. സ്വബേധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു’’– നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്. അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു. പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.
അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനാണെന്നും സ്ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്. പുണ്യതീർഥമെന്നു പറഞ്ഞ് ജലം തളിച്ച ശേഷം പീഡിപ്പിക്കുന്ന രീതിയാണ് അയാൾ എല്ലാവരുടെ അടുത്തും പ്രയോഗിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
