പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന ദൃശ്യം.

മുംബൈ: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപ് പൊട്ടിപ്പൊളിഞ്ഞ് പലാവ മേൽപ്പാലം. ജൂലൈ നാലിന് ശിവസേന എംഎല്‍എ രാജേഷ് മോറെയാണ് പലാവ മേൽപ്പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എന്നാൽ, ഉദ്ഘാടനദിവസം തന്നെ രണ്ട് ബൈക്ക് യാത്രികര്‍ മേൽപ്പാലത്തിൽ തെന്നിവീണത് വാര്‍ത്തയായിരുന്നു. മേൽപ്പാലത്തിലെ ടാറിങ്ങിൽ ഉൾപ്പെടെ അപാകതകളുണ്ടെന്നും ആക്ഷേപമുയർന്നു. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ ചെളിനിറഞ്ഞ ദൃശ്യങ്ങളും പുറത്തുവന്നു.

മേൽപ്പാലത്തിൽ അപകടങ്ങള്‍ പതിവായതോടെ ശോചനീയാവസ്ഥ വലിയ ചര്‍ച്ചയായി. സാമൂഹികമാധ്യമങ്ങളില്‍ മേൽപ്പാലത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർക്കെതിരേ അഴിമതി ആരോപണങ്ങളും ഉയരുന്നുണ്ട്.

ഷില്‍ഫാട്ട-കല്ല്യാണ്‍ നഗരങ്ങൾക്കിടയിലെ ​ഗതാ​ഗതക്കുരുക്ക് കുറയ്ക്കാനായി ഏഴ് വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ പദ്ധതിയാണിത്. 2018ലാണ് മേൽപ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 562 മീറ്റര്‍ നീളത്തില്‍ 250 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലനിര്‍മാണം ഈ വർഷം പൂര്‍ത്തീകരിച്ചത്. ഷിൽഫാട്ട-കല്ല്യാൺ റോഡിൽ സമാന്തരമായി രണ്ട് പാലങ്ങൾ നിർമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇന്ത്യന്‍ റെയിൽവേയുടെ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോർ (DFC) വിപുലീകരിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന്, ഈ പ്രവൃത്തി 2020-ൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. റോഡ് നിർമ്മാണത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ്റെ (MSRDC) കരാറുകാർ അപകടഭീഷണി ഉയർത്തുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.