റിൻസി,യാസർ അറാഫത്ത്

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരെയും തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന് ലഭിച്ച രസഹ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്നും വിൽക്കാൻ വേണ്ടിയാണോ കൊണ്ടുവന്നതെന്നും പോലീസ് അന്വേഷിക്കും. അതേസമയം നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. ഇരുവരും ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്.

അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് 107 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം തട്ടാമല സ്വദേശി അജിംഷായെയാണ് (32) പോലീസ് പിടിയിലായത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് പ്രതിയില്‍നിന്ന് പോലീസ് എംഡിഎംഎ കണ്ടെടുത്തത്. ജില്ലയിലെ ഈവര്‍ഷത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.