എഡ്ജ്ബസ്റ്റണിൽ വിശ്രമം അനുവദിച്ച പേസർ ബുമ്ര തിരിക്കെ ബൗളിംഗ് നിരയിലേക്ക്. ബുമ്രയുടെ തിരിച്ചു വരവോടെ നിലവിലെ ടീമിൽ നിന്ന് ഒരു മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ടീമിൽ നിന്ന് പ്രസിദ്ധ് കൃഷ്ണയെ മാറ്റിയാണ് ജസ്പ്രീത് ബുമ്രയെ എത്തിച്ചിരിക്കുന്നത്.

ബുമ്രയുടെ വരവോടെ കൂടുതൽ ആവേശത്തിൽ ആണ് ആരാധകർ. രണ്ടാം ടെസ്റ്റിൽ ബുമ്ര ഇല്ലാതെ ഇറങ്ങുമ്പോൾ എന്തായിരിക്കും ഇന്ത്യയുടെ സ്ഥിതി എന്ന് ചിന്തിച്ചവർക്ക് മുന്നിലേക്കായിരുന്നു രണ്ട് ഇന്നിങ്‌സുകളിലായി 10 വിക്കറ്റ് നേടി ആകാശ് ദീപും, 7 വിക്കറ്റ് നേടിയ മുഹമ്മദ് സിറാജിന്റെ വരവ്. ഈ കൂട്ടത്തിലേക്ക് ബുമ്രയും കൂടി വരുമ്പോൾ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പം ആകില്ല എന്നത് ഉറപ്പ്. ലീഡ്‌സിൽ 5 വിക്കറ്റ് ആയിരുന്നു ബുമ്രയുടെ സമ്പാദ്യം.

ബൗളിങ്ങിൽ മാത്രമല്ല, രണ്ടാം ടെസ്റ്റിലെ ക്യാപ്റ്റൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയും, ടീം ഇന്ത്യയുടെ 336 റൺസിന്റെ ചരിത്ര നേട്ടവും ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇംഗ്ലണ്ടും തങ്ങളുടെ ടീമിൽ മാറ്റം വരുത്തിയാണ് മൂന്നാം ടെസ്റ്റിന് തയ്യാറെടുത്തിരിക്കുന്നത്. ജോഷ് ടങിന് വിശ്രമം നൽകി ഏറെ നാളുകൾക്ക് ശേഷം ജോഫ്ര ആർച്ചർ ഇടം നേടി.

ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് വിജയിച്ചെങ്കിലും രണ്ടാം ടെസ്റ്റ് ഇന്ത്യ കൂറ്റൻ റൺസ് നേടി ചരിത്ര ജയം സ്വന്തമാക്കി. ലോർഡ്‌സിൽ ആര് ജയിക്കുന്നുവോ അവർ 5 മത്സരങ്ങൾ ഉള്ള ടെസ്റ്റിൽ മുന്നിലെത്തും.