തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം ലഭിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് പ്രതിയ്ക്ക് ജാമ്യം നല്‍കിയത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ ഐബി ഉദ്യോഗസ്ഥന്‍ കൂടിയാണ് സുകാന്ത്. ആത്മഹത്യ പ്രേരണ കുറ്റമുള്‍പ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുകാന്തുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. അതില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള ചാറ്റുകള്‍ സുകാന്തിന്റേതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെതന്നെ സുകാന്ത് പോലീസിൽ കീഴടങ്ങി.
