തിരുവനന്തപുരം : കല്ലമ്പലത്ത് ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വിദേശത്തുനിന്നു ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരിൽനിന്നു പിടികൂടിയത്. ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിലാണ് ഒന്നേകാല്‍ കിലോ എംഡിഎംഎ കണ്ടെത്തിയത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവർ സഞ്ചരിച്ച കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന് കാര്‍ നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് ബാഗേജിൽനിന്ന് എം‍ഡിഎംഎ കണ്ടെത്തിയത്.
സഞ്ജു ഈ മാസം ആദ്യവും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക് പോയത്. വിദേശബന്ധമുള്ള ലഹരിമാഫിയയുടെ കാരിയർമാരായി ഇവര്‍ പ്രവര്‍ത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.