തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് നടന്ന ക്രൂരതകള്‍ വിവരിച്ചും വിമർശിച്ചും ലേഖനവുമായി കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള്‍ ഉള്‍ക്കൊള്ളണമെന്നാണ് തരൂരിന്റെ ലേഖനത്തിൽ പറയുന്നത്. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെയും വിമർശനമുണ്ട്.

അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം 1977 മാര്‍ച്ചില്‍ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ത്തന്നെ ഇന്ദിരയെയും പാര്‍ട്ടിയെയും വന്‍ ഭൂരിപക്ഷത്തില്‍ പുറത്താക്കി ജനം മറുപടി നൽകിയെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. അച്ചടക്കത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളായി മാറി. സഞ്ജയ് നയിച്ച നിര്‍ബന്ധിത വന്ധ്യംകരണ പരിപാടികള്‍ അതിന് ഉദാഹരണമാണ്.

ദരിദ്ര ഗ്രാമീണ പ്രദേശങ്ങളില്‍ സ്വേച്ഛാപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡല്‍ഹി പോലുള്ള നഗരകേന്ദ്രങ്ങളില്‍ ചേരികള്‍ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല. ഈ പ്രവൃത്തികളെ പിന്നീട് നിര്‍ഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചുവെന്നും തരൂർ വിമർശിക്കുന്നു.  ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് സിൻഡിക്കേറ്റിന്റെ വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലാണ് തരൂർ കാഴ്ചപാടുകൾ വ്യക്തമാക്കിയത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള ചിന്തകരുടെയും നേതാക്കളുടെയും ആഴത്തിലുള്ള വിശകലനങ്ങളും കാഴ്ചപ്പാടുകളും ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കുന്ന മാധ്യമമാണ് പ്രോജക്ട് സിൻഡിക്കേറ്റ്. അതേസമയം, തരൂരിന്റെ പേരിൽ രണ്ട് ദിവസം മുൻപ് ദേശീയ മാധ്യമങ്ങളിൽ വന്ന ലേഖനമാണ് ഇപ്പോൾ വിവാദമാക്കുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. ലണ്ടനിലുള്ള തരൂർ ഈ മാസം 18നാണ് ഇന്ത്യയിലേക്കു തിരിച്ചെത്തുന്നത്.