തിരുവനന്തപുരം: വഴുതക്കാട് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. അടിമലത്തുറയിൽ വച്ചാണ് പ്രതികളായ രണ്ട് പേരെ പോലീസ് പിടികൂടിയത്. പ്രതികളെ പിടികൂടാൻ പോയ പോലീസിനെ ഇവർ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം.

വഴുതക്കാട് കേരള കഫേ എന്ന പേരിലുള്ള ഹോട്ടലിൻ്റെ ഉടമ ജസ്റ്റിൻ രാജിനെയാണ് ഇന്നലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിന് പിന്നാലെ രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയതാണ് കൊലപാതകം വഴിതിരിച്ചുവിട്ടത്. പിന്നീട് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു.

ഇയാളുടെ വീട്ടിൽ താമസിച്ച് വന്നിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് പിടിയിലായത്. കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിലാണ് കണ്ടെത്തിയത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ മകന്റെ ക്രൂര മർദ്ദനത്തിന് ഇരയായ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകൻ ജോൺസൺ ജോയിയാണ് ആനിയെ ക്രൂരമായി മർദ്ദിച്ചത്. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും പരിക്കേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. മദ്യപിച്ചെത്തിയ ജോൺസൺ മാതാപിതാക്കളെ ക്രുരമായി മർദിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ചികിത്സയിലിരിക്കെ ആനി മരിച്ചത്. പിതാവിന്റെ പരാതിയിൽ പോലീസ് ജോൺസണെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ പ്രതി റിമാൻഡിലാണ്.