തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ചൊവ്വ രാത്രി പന്ത്രണ്ടിന്‌ ആരംഭിച്ച പണിമുടക്ക്‌ കേരളത്തിൽ ബന്ദിന് സമാനമായേക്കും. വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്.

തൊഴിലാളികളും കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്‌, ഇൻഷുറൻസ്‌ മേഖലയിലുള്ളവരും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് രാവിലെ പ്രകടനവും രാജ്‌ഭവനു മുന്നിലെ കൂട്ടായ്‌മയും നടക്കും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും

സംസ്ഥാനത്ത് പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്പോൺസേഡ് പണിമുടക്ക് എന്ന വിമർശനങ്ങൾക്കിടെയാണ് ഡയസ്നോൺ പ്രഖ്യാപനം. കെഎസ്ആ‌ർടിസി സർവീസുകൾ പതിവു പോലെയെന്ന് ഗതാഗതമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും. ബസുകൾ നിരത്തിലിറക്കിയാൽ അപ്പോൾ കാണാമെന്നാണ് സിഐടിയു സംസ്ഥാന അധ്യക്ഷൻ ടിപി രാമകൃഷ്ണൻ്റെ മറുപടി

പണിമുടക്ക് ദിവസം സർവീസുമായി മുന്നോട്ട് പോകാനാണ് കെഎസ്ആ‌ർടിസി തീരുമാനം. ഇതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും നിലവിലെ കെഎസ്ആർടിസി സർവീസുകളെയും സമരം ബാധിച്ചേക്കും. സ്വകാര്യ ബസുകൾ, ടാക്സി, ഓട്ടോ, സ്കൂളുകൾ, ബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങിയവയെ എല്ലാം പണിമുടക്ക് ബാധിക്കാനാണ് സാധ്യത.