ആലപ്പുഴ: നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം.