തിരുവനന്തപുരം: ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്നും, കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമായിരുന്നു ഇയാളുടെ കുറിപ്പ്. പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി ജെ ആണ് ആരോഗ്യ മന്ത്രിയെ പരസ്യമായി വിമർശിച്ചത്.

എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻറ് ആയിരുന്നു ജോൺസൺ. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ സംഭവത്തിന് പിന്നാലെയാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. അപകടമുണ്ടായതിന് പിന്നാലെ മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവർത്തകരയെടക്കം പ്രകോപിപ്പിച്ചതെന്നും എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ മന്ത്രി വീണാ ജോർജിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തിയിരുന്നു. പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ അഡ്വ: എൻ രാജീവാണ് മന്ത്രിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും’ എന്നാണ് രാജീവൻറെ പോസ്റ്റ്. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെതിരെയാണ് ഈ വിമർശനം.

ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ സംഭവത്തിന് പിന്നാലെ ആശുപത്രി സന്ദർശിക്കാൻ മന്ത്രി എത്തിയിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. എന്നാൽ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.