തൃശൂർ: അക്കികാവ് – കേച്ചേരി ബൈപാസിൽ പന്നിത്തടം ജംക്ഷനിൽ മീൻ കയറ്റി വരികയായിരുന്ന ലോറിയും കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ശബരി ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. റോഡിലേക്ക് തെറിച്ചുവീണ കെഎസ്ആർടിസി ഡ്രൈവറുടെ ആരോഗ്യനിലയും ഗുരുതരമാണ്.
ഇന്ന് പുലർച്ചെ 1.30 ഓടെ ആയിരുന്നു അപകടം. കുന്നംകുളത്തു നിന്ന് ചെറുതുരുത്തിയിലേക്ക് മത്സ്യവുമായി പോകുകയായിരുന്നു ലോറി. ഹൈവേയിലൂടെ വന്ന് പന്നിത്തടം ജംക്ഷൻ മറികടക്കുകയായിരുന്ന ബസ്സിനെ കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയിലൂടെ അമിത വേഗതയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും ജംക്ഷനിലെ രണ്ടു കടകളുടെ മുൻവശത്തേക്ക് ഇടിച്ചു കയറിയാണു നിന്നത്. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു. പെർമിറ്റാല്ലാത്ത റൂട്ടിലൂടെയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത് എന്നാണ് ആരോപണം.
