ബെംഗളൂരു: ഓഫീസ് ടോയ്‍ലറ്റിനുള്ളിൽ മൊബൈൽ ക്യാമറ വെച്ച് സഹപ്രവർത്തകയുടെ നഗ്ന ദൃശ്യം പകർത്തിയ സംഭവത്തിൽ ബംഗളൂരു ടെക്കി അറസറ്റിൽ. ഇൻഫോസിസിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന നാഗേഷ് സ്വപ്‌നിൽ മാലിയാണ് പിടിയിലായത്. വീഡിയോ പകർത്തുന്നതിനിടെ യുവതി തന്നെയാണ് നാഗേഷിനെ കൈയ്യോടെ പിടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വനിതകളുടെ ടോയ്‍ലറ്റിനോട് ചേർന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ക്യാമറയിൽ വീഡിയോ പകർത്തുന്നതായി കണ്ടത്. ഇതിന് പിന്നാലെ യുവതി അപായ സൈറൺ മുഴക്കുകയും നിലവിളിക്കുകയും ചെയ്തു. ഇതുകേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാർ നാഗേഷിനെ പിടികൂടി ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. എച്ച് ആർ അടക്കമുള്ളവരെത്തി മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. പിന്നീടാണ് പോലീസിനെ വിവരമറിയിക്കുന്നത്.
സമാനമായ രീതിയിൽ നാഗേഷ് മറ്റ് യുവതികളുടെ വീഡിയോയും ചിത്രീകരിച്ചിട്ടുണ്ടോ എന്നത് സംശയമുള്ളതിനാൽ ഫോണിലെ ഉള്ളടക്കം വീണ്ടെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അത്തരം പരിശോധനകൾക്കായി നാഗേഷിൻറെ മൊബൈൽ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഏപ്രിലിൽ അയോധ്യയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. രാമക്ഷേത്രത്തിനടുത്തുള്ള ഒരു ഗസ്റ്റ് ഹൗസിലെ 25 വയസ്സുള്ള ഒരു ജീവനക്കാരനാണ് അന്ന് പിടിയിലായത്. ഗസ്റ്റ് ഹൗസിലെ ടോയ്ലെറ്റിൽ കുളിക്കുന്നതിനിടെ ഒരു സ്ത്രീയുടെ വീഡിയോ പകർത്തിയതാണ് സംഭവം.
