നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ജിന്റെ ‘സർദാർജി 3’ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ നടൻ നസീറുദ്ദീൻ ഷാ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ദിൽജിത്തിനെ ലക്ഷ്യംവയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതി. എന്നാൽ, കുറിപ്പിന് പിന്നാലെ വലിയ തോതിൽ വിമർശനം നേരിട്ടതോടെ ഷാ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.
ദിൽജിത്തിനൊപ്പമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഷായുടെ ഫെയ്സ്ബുക്ക് കുറിപ്പ്. പാക് നടി ഹാനിയ ആമിറിനെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനം ദിൽജിത്തിന്റേതല്ലെന്ന് മറിച്ച് സംവിധായകന്റേതാണെന്നും ഷാ ചൂണ്ടിക്കാട്ടി. പാകിസ്താനിലേക്ക് പോകൂ എന്ന് പറയാനുള്ളവരോട് കൈലാസത്തിലേക്ക് പോകൂ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു.
പാക് നടി ഹനിയ ആമിറിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിഷയമാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ, ഹനിയ അമീറിനെ നായികയാക്കിയത് പഹൽഗാം ഭീകരാക്രമണം നടക്കുന്നതിന് മുമ്പായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്തെത്തി. ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിന് മുമ്പായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും അവർ വ്യക്തമാക്കി. ജൂൺ 27-ന് ചിത്രം റിലീസ് ചെയ്യാനൊരുങ്ങിയ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഹാനിയ ആമിർ, മാഹിറ ഖാൻ എന്നിവരുൾപ്പെടെയുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയിരുന്നു. ഹാനിയ ആമിറിൻ്റെ അക്കൗണ്ടായിരുന്നു അന്ന് ആദ്യം പ്രവർത്തനരഹിതമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയതും ഹാനിയയ്ക്കെതിരായ വിമർശനങ്ങൾക്ക് കാരണമായി
