സുമംഗലയും നാഗരാജുവും ചേര്‍ന്ന് ശങ്കരമൂര്‍ത്തിയെ ഞായറാഴ്ച രാത്രി തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൈസൂരു: ആണ്‍സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവിനെ തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. തുമകുരു ജില്ലയില്‍ തിപ്തൂര്‍ താലൂക്കിലെ കടഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. കടഷെട്ടിഹള്ളിയിലെ ശങ്കരമൂര്‍ത്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ സുമംഗലയെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഒളിവില്‍പ്പോയ യുവതിയുടെ ആണ്‍സുഹൃത്ത് കരഡലുസന്തേ ഗ്രാമത്തിലെ നാഗരാജുവിനെ പോലീസ് തിരയുകയാണ്.
തിങ്കളാഴ്ചയാണ് തുരുവേക്കരെ താലൂക്കിലെ ദണ്ഡിനശിവര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു കിണറ്റില്‍നിന്ന് ശങ്കരമൂര്‍ത്തിയുടെ മൃതദേഹം കിട്ടിയത്. സംഭവത്തില്‍ സുമംഗലയെ സംശയംതോന്നിയ പോലീസ് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
സുമംഗലയും നാഗരാജുവും ചേര്‍ന്ന് ശങ്കരമൂര്‍ത്തിയെ ഞായറാഴ്ച രാത്രി തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും ബന്ധത്തിന് തടസ്സമായതിനാണ് കൊലനടത്തിയതെന്ന് സുമംഗല പോലീസിനോട് സമ്മതിച്ചു.
ശങ്കരമൂര്‍ത്തിയെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ദാരുണമായാണ് കൊന്നത്. തലയ്ക്ക് വടികൊണ്ട് അടിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം ഒരു ചാക്കിലാക്കി വീട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ തള്ളുകയായിരുന്നു. അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ സുമംഗലയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
