ഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ സോഷ്യൽ മീ‍ഡിയ വഴി അവഹേളിച്ച കേസിൽ വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രന് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് ജാമ്യം അനുവദിച്ചത്. രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ 12 ദിവസമായി ജയിലിലായിരുന്നു പവിത്രൻ.

രഞ്ജിതയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇയാൾ എഴുതിയത്. സംഭവം വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പദവിയിൽ നിന്ന് എ പവിത്രനെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്‌തു. സമൂഹ മാധ്യമത്തിൽ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു.

മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിന് നേരത്തെയും ഇയാൾ സസ്പെൻഷന്‍ നേരിട്ടിരുന്നു. 2024 സെപ്റ്റംബറിലാണ് അധിക്ഷേപ പോസ്റ്റിട്ടതിന് നടപടി നേരിട്ടത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഏഴ് മാസത്തിനിപ്പുറം നാടിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിലയിൽ വീണ്ടും ഫെയ്സ്ബുക്കിൽ പ്രതികരിച്ചതോടെയാണ് വീണ്ടും സസ്പെൻഷനും അറസ്റ്റുമടക്കം നടപടിയുണ്ടായത്.