പോത്തുകല്ല് (മലപ്പുറം): കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പോലീസ്-ഫയര്‍ഫോഴ്‌സ്-വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി. ഇവര്‍ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്.

ബുധനാഴ്ച വൈകിട്ടാണ് മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.

തിരികെ പോകാനായി ബോട്ട് കാത്തിരിക്കുന്ന ആര്യാടന്‍ ഷൗക്കത്ത്‌

ഡിങ്കി ബോട്ടിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ തിരികെ മടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. രണ്ട് ബോട്ടുകളുടെയും എന്‍ജിന്‍ തകരാറിലായിട്ടുണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ഷൗക്കത്തിന് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് പോകാനുള്ളതാണ്. രാത്രി 9.30-നുള്ള രാജ്യറാണി എക്സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുൻപായി ‌മാർത്തോമ കോളേജിലും ചുങ്കത്തറ മാർത്തോമ സ്കൂളിലും കൊണ്ടോട്ടിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടതുമുണ്ട്. പുതിയ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ പരിപാടികൾ മാറ്റിവെച്ചിട്ടുണ്ട്.