കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം അവസാനിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിതമാര്‍ മൊഴി നല്‍കാത്ത സാഹചര്യത്തിലാണ് രജിസ്റ്റര്‍ ചെയ്ത 34 കേസുകളിലും നടപടികള്‍ അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തേ, ആരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദമാണ് ഉണ്ടാക്കിയത്. റിപ്പോര്‍ട്ടില്‍ ചലച്ചിത്രമേഖലയിലെ ഉന്നതര്‍ക്കെതിരേ ഉള്‍പ്പെടെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍, അതിജീവിതമാര്‍ കേസുമായി സഹകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു.

ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ അവകാശ സംരക്ഷണം മുന്‍ നിര്‍ത്തി സിനിമാനയം രൂപീകരിക്കുന്നതിനായി ഓഗസ്റ്റില്‍ സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്തുന്നുണ്ട്. കോണ്‍ക്ലേവിനുശേഷം വിവരങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.