നീറ്റ് യുജി പരീക്ഷയുടെ വ്യാജ മാര്‍ക്ക് ഷീറ്റിനായി 18-കാരന്‍ ചെലവാക്കിയത് 17,000 രൂപ. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. വീട്ടുകാരെ കാണിച്ച് ആളാകാനായാണ് വിദ്യാര്‍ഥി വ്യാജ നീറ്റ് സ്‌കോര്‍കാര്‍ഡ് പണംനല്‍കി സ്വന്തമാക്കിയത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഉഡുപ്പി സൈബര്‍ എക്കണോമിക് ആന്‍ഡ് നര്‍ക്കോട്ടിക് ക്രൈം സ്‌റ്റേഷന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നീറ്റ് യുജി പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് വിദ്യാര്‍ഥി എഡിറ്റിങ് മാസ്റ്റര്‍ എന്ന യൂട്യൂബ് ചാനല്‍ കാണുന്നത്. നീറ്റ്, സിബിഎസ്ഇ, ജെഇഇ പരീക്ഷകളുടെ വ്യാജ മാര്‍ക്ക് ഷീറ്റുകള്‍ ഡിജിറ്റലായി നിര്‍മിക്കാമെന്ന വിവരം ചാനലിലൂടെ വിദ്യാര്‍ഥി മനസിലാക്കി. ഒപ്പം വ്യാജ മാര്‍ക്ക് ഷീറ്റുകള്‍ വേണ്ടവര്‍ക്ക് ബന്ധപ്പെടാനായി രണ്ട് വാട്ട്‌സ്ആപ്പ് നമ്പറുകളും ചാനലിലൂടെ കിട്ടി.
ഇതിലൊരു നമ്പറില്‍ വിദ്യാര്‍ഥി ബന്ധപ്പെടുകയായിരുന്നു. വിഷ്ണു കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ക്ക് യുപിഐ മുഖേനെ 17,000 രൂപ അയക്കാന്‍ ആവശ്യപ്പെട്ടു. തുക കൈമാറിയ ശേഷം ജൂണ്‍ 16-ന് വിഷ്ണു കുമാര്‍ വിദ്യാര്‍ഥിക്ക് വ്യാജ മാര്‍ക്ക് ഷീറ്റും വ്യാജ ഒഎംആര്‍ ഷീറ്റും വാട്ട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. ഈ മാര്‍ക്ക് ഷീറ്റ് പ്രകാരം 646 മാര്‍ക്കാണ് വിദ്യാര്‍ഥിക്ക് ലഭിച്ചത്. അതായത് അഖിലേന്ത്യാതലത്തില്‍ 106-ാം റാങ്ക്!
വീട്ടുകാരെ ഈ മാര്‍ക്ക് ഷീറ്റ് കാണിച്ചതോടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടായത്. മകന്‍ ഇത്രവലിയ നേട്ടം കൈവരിച്ചിട്ടും അത് വാര്‍ത്തയാകാത്തത് എന്താണെന്നോര്‍ത്ത് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന് ആശയക്കുഴപ്പമുണ്ടായി. തുടര്‍ന്ന് അദ്ദേഹം തന്നെ മാര്‍ക്ക് ഷീറ്റുമായി പ്രാദേശിക പത്രത്തെ സമീപിക്കുകയും വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇതിന് ശേഷം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) വെബ്‌സൈറ്റ് പരിശോധിച്ച പിതാവ് ഞെട്ടി. മകന്റെ യഥാര്‍ഥ മാര്‍ക്ക് 65 ആണെന്നാണ് വെബ്‌സൈറ്റിലുണ്ടായിരുന്നത്. അതായത് അഖിലേന്ത്യാതലത്തില്‍ 17,62,258-ാം റാങ്ക്. പിന്നാലെ മകന്‍ കുറ്റസമ്മതം നടത്തി. ഇതോടെയാണ് പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
