ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതിനു പിന്നാലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന്റെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്. എന്നാല്‍ അതൊന്നും താരത്തിനെതിരായ വിമര്‍ശനങ്ങളുടെ കനം കുറയ്ക്കുന്നില്ല. സീനിയര്‍ താരങ്ങള്‍ അടങ്ങിയ ഒരു ടീമിനെ ആദ്യമായി നയിക്കുന്നതിലുള്ള ഗില്ലിന്റെ ബുദ്ധിമുട്ടും ഇന്ത്യന്‍ ആരാധകര്‍ കണക്കിലെടുത്തില്ല. ഫീല്‍ഡിലെ ഗില്ലിന്റെ തന്ത്രങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. നാല് ബാറ്റര്‍മാര്‍ ചേര്‍ന്ന് അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടും ഒരാള്‍ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയിട്ടും നാലാം ഇന്നിങ്‌സില്‍ 371 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കാതെ തോറ്റതാണ് വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ കാരണം.

രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഓണ്‍ഫീല്‍ഡ് ഓറ (പ്രഭാവലയം) ഗില്ലിനില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടത്. ”കോലിയും രോഹിത്തും ക്യാപ്റ്റനായിരുന്നപ്പോള്‍ താഴേക്ക് നോക്കിയാള്‍ ഫീല്‍ഡില്‍ ആരാണ് പ്രധാന ചുമതല വഹിക്കുന്നതെന്ന് നിങ്ങള്‍ക്ക് എളുപ്പം മനസിലാക്കാമായിരുന്നു. പക്ഷേ ഈ മത്സരത്തില്‍ താഴേക്ക് നോക്കിയപ്പോള്‍ ഞാന്‍ രണ്ടോ മൂന്നോ ക്യാപ്റ്റന്‍മാരെ കണ്ടു. ഒരു ക്യാപ്റ്റന്‍സി കമ്മിറ്റിയെയാണ് കാണാന്‍ സാധിച്ചത്. ഗില്ലിന് ടീമിന്റെ പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നില്ല.” – ഹുസൈന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഗില്ലിന് നിയന്ത്രിക്കാന്‍ കഴിയാത്ത രണ്ട് കാര്യങ്ങള്‍ കാരണമാണ് ഇന്ത്യ മത്സരം തോറ്റതെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതും ബാറ്റിങ് തകര്‍ച്ചയുമാണ് ഹുസൈന്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ അവര്‍ക്ക് രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ തുടങ്ങി മികച്ച സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇപ്പോഴും അവര്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെ തിരയുകയാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഗില്‍ പ്രതീക്ഷിച്ചതിനും ഉപരിയായ പ്രകടനം നടത്തിയിട്ടുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായിരുന്ന രവി ശാസ്ത്രിയുടെ പ്രതികരണം. ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ പ്രതീക്ഷിച്ചതിനും ഉപരിയായ പ്രകടനം നടത്തിയിട്ടുണ്ട്. ക്യാപ്റ്റനായി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതും ബാറ്റിങ് തകര്‍ച്ചയും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 471-ല്‍ 147 റണ്‍സും നേടിയത് ഗില്ലാണെന്നും ശാസ്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് ലീഡ്‌സ് ടെസ്റ്റ് ജയിക്കാന്‍ അവസരങ്ങളുണ്ടായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും അഭിപ്രായപ്പെട്ടു. പക്ഷേ ഇന്ത്യ അവ പാഴാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പോലൊരു ടെസ്റ്റ് മത്സരം ജയിക്കുമ്പോള്‍ അത് അദ്ഭുതകരമായ അനുഭവമാണ്, യഥാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് ഈ മത്സരം ജയിക്കാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. പക്ഷേ ഇംഗ്ലണ്ട് കഠിനമായി പോരാടി. അതൊരു സെന്‍സേഷണല്‍ റണ്‍ ചേസ് ആയിരുന്നുവെന്നും ബ്രോഡ് വ്യക്തമാക്കി.