കാഴ്ചപരിമിതിയുള്ള ഭിന്നശേഷിക്കാരിയായ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലെ മാൾഡയിലെ ചാർ ബാബുപൂർ രാമശങ്കർ ടോല സ്വദേശിയായ ശംഭു മണ്ഡലി(26)നാണ് കോടതി ശിക്ഷ വിധിച്ചത്.
പതിമൂന്നര വർഷം കഠിന തടവിനും 30,000 രൂപ പിഴയടയ്ക്കാനുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജ് എ സ്.രമേഷ് കുമാറിന്റെ വിധി. പ്രതി പിഴത്തുക അടച്ചാൽ അത് അതിജീവിതയ്ക്ക് നൽകണമെന്നും. അടയ്ക്കാത്ത പക്ഷം 12 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധി പ്രസ്താവനയിൽ പറയുന്നു. പിഴത്തുക കൂടാതെ പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2023 നവംബർ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി ഇവരുടെ വീട്ടിൽ എത്തുകയും പെൺകുട്ടിയുടെ അമ്മൂമ്മയുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ അമ്മൂമ്മ പുറത്തേക്ക് പോയ തക്കം നോക്കി വീടിന്റെ പിൻവശത്ത് കൂടി അകത്ത് കടന്ന പ്രതി പെൺകുട്ടിയെ മുറിയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വെക്കുന്നത് കേട്ട് എത്തിയ അമ്മൂമ്മ കാണുന്നത് പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപെടുന്നതായാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
