കോഴിക്കോട്: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തി ബിജെപി നേതാവ് പിസി ജോര്‍ജ്. ഇന്ത്യയെ നശിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. നെഹ്‌റുവിന്റെ പിതാവ് മുസ്ലിം ആണെന്നും നെഹ്‌റും നിസ്‌കരിക്കാറുണ്ടായിരുന്നുവെന്നും ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

”ഈ രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ്. അങ്ങേരുടെ വാപ്പ മോത്തിലാല്‍ നെഹ്‌റു മുസ്ലിമാണെന്ന് എല്ലാവരും പറയുന്നല്ലോ. ഇങ്ങേര് ദൈവ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് കളിപ്പീര് നടത്തി, പെരക്കകത്ത് അഞ്ച് നേരം നിസ്‌കരിക്കും. പുള്ളി എന്നിട്ട് ദൈവ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കുകയാണ്.

മോത്തിലാല്‍ നെഹ്‌റു മുസ്ലിമാണെന്ന കാര്യം എല്ലാവരും സമ്മതിക്കുന്നുണ്ടല്ലോ. അപ്പോള്‍ നെഹ്‌റുവും മുസ്ലിമല്ലേ. എംഎം മത്തായിയുടെ പുസ്തകം വായിച്ചാല്‍ എല്ലാം മനസിലാകും,” പിസി ജോര്‍ജ് ആരോപിച്ചു.

നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പിസി ജോര്‍ജ് വിമര്‍ശിക്കുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കണക്കല്ലേ. ഇത് രണ്ടും രാജ്യദ്രോഹികളല്ലേ. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും തെറ്റാണെന്ന് ജോര്‍ജ് പറഞ്ഞു.

രണ്ട് പാര്‍ട്ടികളെയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. രണ്ട് കൂട്ടരുടെയും കൂടെ നിന്ന് പഠിച്ചത് കൊണ്ട് താന്‍ പറയുന്നു രണ്ടും കള്ളന്മാരാണെന്ന്. രണ്ടിനെയും ഇല്ലാതാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

രാജ്ഭവനില്‍ ഉണ്ടായ ഭാരതാംബ വിവാദത്തിലും പിസി ജോര്‍ജ് പ്രതികരിച്ചു. ഭാരതാംബയുടെ പേരില്‍ വിവാദമുണ്ടാക്കേണ്ട കാര്യമെന്താണ്. ഭരണഘടനയില്‍ ആരാധന നടത്താനുള്ള അവകാശമില്ലേ? ശബരിമലയില്‍ പിണറായി വിജയന്‍ പെണ്ണുങ്ങളെ കയറ്റാന്‍ ശ്രമിച്ചത് തടഞ്ഞതാണല്ലോ താനുമായിട്ടുള്ള ആദ്യത്തെ അടി. സ്ത്രീകള്‍ കയറാന്‍ പാടില്ലാത്ത സ്ഥലത്തേക്ക് തുണിയുടുക്കാത്ത പെണ്ണുങ്ങളെ കൊണ്ടുപോകണം എന്ന് എന്താണിത്ര നിര്‍ബന്ധമെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

ആചാരങ്ങളിലും വിശ്വാസങ്ങളിലും നമ്മളെന്തിനാണ് ഇടപെടുന്നത്. മുസ്ലിം സമുദായത്തിലുള്ള അഞ്ച് നേരം നിസ്‌കരിക്കുമ്പോള്‍ താനെന്തിനാണ് അത് ചെയ്യേണ്ട എന്ന് പറയുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.