ന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ഏടായ അടിയന്തരാവസ്ഥക്ക് ഇന്ന് അരനൂറ്റാണ്ട്. സ്വേച്ഛാധിപത്യ പരീക്ഷണത്തിന്റെ മുറിവ് ഇപ്പോഴും ചരിത്രത്തിൽ നിന്നും മാഞ്ഞിട്ടില്ല.

ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും ആഴത്തിലുള്ള മുറിവ്. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള 21 മാസക്കാലത്തെ ഇങ്ങനെ ചുരുക്കി പറയാം. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ ദുർബലമായ കാലം. ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച നിർണായക തീരുമാനത്തെ കുറിച്ച് ഇന്ദിരാ​ഗാന്ധി ആലോചനകൾ നടത്തിയത് അന്ന് പ്രധാനമന്ത്രിയുടെ വസതിയായിരുന്ന ഇവിടെവച്ചാണ്. ഈ വസതി ഇന്ന് ഇന്ദിരയുടെ ഓർമ്മകൾ നിറയുന്ന മ്യൂസിയമാണ്.

1971 ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ഇന്ദിരാ​ഗാന്ധിയുടെ വിജയം തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർത്ഥി കോടതിയിലെത്തിയതും തുടർ നടപടികളുമാണ് ഇന്ദിരാ​ഗാന്ധിയെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് പ്രേരിപ്പിച്ചത്. 1975 ജൂൺ 12 ന് മലയാളിയായ ജസ്റ്റിസ് വിആർ കൃഷ്ണയ്യർ ഇന്ദിരാ​ഗാന്ധിയെ 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.

വിലക്ക് മറികടക്കാൻ ഇന്ദിര കണ്ടെത്തിയ വഴിയായിരുന്നു ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരമുള്ള നടപടി. അന്ന് രാജ്യത്തെ 61 കോടി ജനങ്ങളെയും മന്ത്രിസഭയിലുള്ളവരെയും വരെ ഞെട്ടിച്ചുകൊണ്ടാണ് ജൂൺ 25 ന് അ‌ർദ്ധരാത്രി ഇന്ദിരയുടെ ഉപദേശം സ്വീകരിച്ച് രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിദേശ ശക്തികളിൽനിന്നടക്കം രാജ്യം നേരിടുന്ന ഭീഷണിയെ മറികടക്കാനുള്ള നടപടിയെന്നായിരുന്നു ന്യായീകരണം.

രാജ്യം അതുവരെ കാണാത്ത രീതിയിലുള്ള അധികാര പ്രയോ​ഗമാണ് പിന്നീട് കണ്ടത്. പ്രതിപക്ഷ നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും കൂട്ടത്തോടെ ജയിലിലടച്ചു, മാധ്യമങ്ങളെ നിശ്ശബ്ദമാക്കി, നിർബന്ധിത വന്ധ്യംകരണം പോലുള്ള നടപടികളും ഏർപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെ വരെ ദുർബലപ്പെടുത്തിയ നടപടിക്കെതിരെ ജനരോഷം ശക്തമായി. ആ തിരിച്ചറിവാണ് അടിയന്തരാവസ്ഥ പിൻവലിക്കാൻ കാരണമായത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വലിയ തോൽവിയേറ്റ് വാങ്ങിയപ്പോൾ ചെയ്ത തെറ്റുകൾക്ക് ഇന്ദിര ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്തു.