വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അറിയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇസ്രയേല്‍ മാധ്യമങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് അറിയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയതെന്ന് ഇറാന്‍ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലെ ചാനല്‍ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിര്‍ത്തലിന് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും ഡോണള്‍ഡ് ട്രംപ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി.