ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. ഇടം കയ്യൻ സ്പിന്നറായിരുന്ന ദിലീപ് ദോഷി 1979-83 കാലത്ത് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 32-ാം വയസിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യക്ക് വേണ്ടി 33 ടെസ്റ്റും 15 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 114 വിക്കറ്റും ഏകദിനത്തില്‍ 22 വിക്കറ്റും നേടി. ഗുജറാത്തിലെ രാജ്കോട്ടില്‍ ജനിച്ച ദിലീപ് ദോഷി സൗരാഷ്‌ട്ര ടീമിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധ നേടിയത്. 238 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 898 വിക്കറ്റുകള്‍ നേടി. 1979 ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്.