ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും തകർപ്പൻ സെഞ്ച്വറി തികച്ചിരിക്കുകയാണ് റിഷഭ് പന്ത്. രണ്ടാം ഇന്നിങ്‌സിൽ അഞ്ചാമനായെത്തിയ പന്ത് 130ാം പന്തിലായിരുന്നു ശതകം തികച്ചത്. സെഞ്ച്വറിക്ക് ശേഷം അറ്റാക്ക് ചെയ്ത് കളിച്ച താരം 118 റൺസ് നേടിയാണ് പുറത്തായത്. 13 ഫോറും മൂന്ന് സിക്‌സറുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
രണ്ടാം ഇന്നിങ്‌സിലും ശതകം തികച്ചതോടെ ഒരുപിടി റെക്കോഡുകളാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ പന്ത് സ്വന്തമാക്കിയത്. അതിൽ അപൂർമായൊരു റെക്കോഡാണ് നിലവിൽ ശ്രദ്ധേയമാകുന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പർ ബാറ്ററാണ് റിഷഭ് പന്ത്.
ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റർമാരായ എംഎസ് ധോണി, ആദം ഗിൽക്രിസ്റ്റ് എന്നിവർക്കൊന്നും ഈ റെക്കോഡ് ഇതുവരെ നേടാൻ സാധിച്ചിട്ടില്ല. മുൻ സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബാറ്ററായ ആൻഡി ഫ്‌ളവർ മാത്രമാണ് ഒരു ഇന്നിങ്‌സിൽ രണ്ട് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ. 2001ൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ഫ്‌ളവറിന്റെ നേട്ടം.
കളി അനുകൂലമാക്കാൻ ഇന്നത്തെ ആദ്യ രണ്ട് സെഷനുകൾ ഇന്ത്യക്ക് ഏറെ നിർണായകമായിരുന്നു. അപ്പോഴായിരുന്നു കെ എൽ രാഹുലുമൊത്ത് പന്തിന്റെ മികച്ച കൂട്ടുകെട്ട്. നാലാം വിക്കറ്റിൽ 195 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. കെ എൽ രാഹുൽ 18 ഫോറുകളടക്കം 137 റൺസ് സ്വന്തമാക്കി. എന്നാല്‍ പിന്നീടെത്തിയ കരുൺ നായർ 20 റൺസ് മാത്രം സ്വന്തമാക്കി വീണ്ടും നിരാശപ്പെടുത്തി. നിലവിൽ 340ന് മുകളിൽ ലീഡുള്ള ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായി.
