ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കൊരുങ്ങി റെയില്‍വേ. ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തും എന്നാണ് റെയില്‍വേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലായ് ഒന്നുമുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നേക്കും. നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിലും വര്‍ധനവ് ഉണ്ടാകും.

സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. 500 കി.മീറ്ററിന് മുകളില്‍വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടായേക്കില്ല. ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.