ഇറാൻ്റെ ഖത്തർ ആക്രമണവുമായി ബന്ധപ്പെട്ട് യുഎഇയിലും ജാഗ്രത. സംശയാസ്പദമായ എന്തെങ്കിലും സംഭവങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും കരുതലോടെയിരിക്കണമെന്നും പൗരന്മാർക്ക് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഖത്തറിൻ്റെ യുഎസ് ബേസിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ഖത്തറിനെതിരെയല്ല ആക്രമണമെന്ന് ഇറാൻ അറിയിച്ചെങ്കിലും തിരിച്ചടിയ്ക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു ഖത്തറിൻ്റെ മറുപടി. അതുകൊണ്ട് തന്നെ ഗൾഫ് രാജ്യങ്ങൾ യുദ്ധപ്പേടിയിലാണ്.
സുരക്ഷാ ഏജൻസിയായ അൽ അമീൻ സർവീസ് പറയുന്നത് പ്രകാരം മിഡിൽ ഈസ്റ്റിലും അറേബ്യൻ ഗൾഫിലും സുരക്ഷാ പ്രശ്നങ്ങൾക്കും അസന്തുലിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കും സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിൽ സംശയാസ്പദമായ കാര്യങ്ങൾ കണ്ടാൽ ഉടൻ അക്കാരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ഖത്തറിലെ അല്‍ ഉദെയ്ദിൽ സ്ഥിതി ചെയ്യുന്ന യുഎസ് സൈനിക താവളത്തിന് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. പിന്നാലെ യുഎഇയും ഖത്തറും കുവൈറ്റും ബഹ്‌റൈനും വ്യോമപാത അടച്ചിരുന്നു. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളും റദ്ദാക്കി. ഇതോടെ പല പ്രവാസികളുടെയും യാത്ര മുടങ്ങിയിരുന്നു.
ഖത്തറിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടതിന് മറുപടിയായാണ് ഇറാൻ്റെ തിരിച്ചടി. ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തുകയായിരുന്നു. താൻ ഇടപെട്ട് ഇറാനും ഇസ്രയേലും വെടിനിർത്തൽ കരാർ ധാരണയായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അവകാശപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും ഇത് യുദ്ധത്തിൻ്റെ ഔദ്യോഗിക അന്ത്യമാവുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം ഇറാൻ തള്ളി. വെടിനിർത്തൽ സംബന്ധിച്ച് ഒരു കരാറുമില്ല എന്നായിരുന്നു ഇറാൻ്റെ പ്രതികരണം.
